തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുകയും ബസിൽ കയറ്റാൻ വിസമ്മതിക്കുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ ഉൾപ്പെട്ട
കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട
ശേഷം വീട്ടിലേക്ക് മടങ്ങാൻ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കാത്തുനിന്ന ക്ലീലിയാ സ്കൂളിലെ വിദ്യാർത്ഥിയായ സിയാൻ അടക്കമുള്ളവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വിദ്യാർത്ഥി കൺസഷൻ നിരക്കിൽ യാത്ര ചെയ്യുന്നവരായതിനാൽ കുറച്ചുപേരെ മാത്രമേ ബസിൽ കയറ്റൂ എന്ന നിലപാടിലായിരുന്നു കണ്ടക്ടർ.
വീട്ടിലെത്താൻ വൈകുമെന്ന് കണ്ട് വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ ജില്ലാ ഭരണകൂടവും പൊലീസും അടിയന്തരമായി ഇടപെട്ടു.
ഇതിന്റെ ഭാഗമായി വടക്കാഞ്ചേരി പോലീസ് ബസ് സ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കുകയും ബസ് ജീവനക്കാർക്കും ഉടമകൾക്കും ശക്തമായ താക്കീത് നൽകുകയും ചെയ്തു. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ചതിന് പിന്നാലെ, വിദ്യാർത്ഥി കൺസഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

