മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11 രോഗികൾ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ബുധനാഴ്ച രാവിലെ 8 മണി വരെയുള്ള സമയത്താണ് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ ആശുപത്രി പരിസരത്ത് കനത്ത പ്രതിഷേധം ഉയർന്നു. സംഭവത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മറ്റു രോഗികളും അവരുടെ ബന്ധുക്കളും ആശങ്കയിലാണ്.
ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്.
സദാനന്ദ വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സാധാരണയായി പ്രതിദിനം ശരാശരി 6 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യാറുള്ളതെന്നും, ഇത് രാജ്യാന്തര തലത്തിലുള്ള മരണനിരക്കിന് ആനുപാതികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ അസാധാരണവും നിർഭാഗ്യകരവുമായി അദ്ദേഹം വിശേഷിപ്പിച്ചു. മരണപ്പെട്ടവർ എല്ലാവരും തന്നെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണപ്പെട്ടവരിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ഡോ. കെ.എസ്.
സദാനന്ദ അറിയിച്ചു. ജയദേവ സൂപ്പർ സ്പെഷൽറ്റി ആശുപത്രി ആയതിനാൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
രോഗികളുടെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളെ കൃത്യമായി ധരിപ്പിക്കാറുണ്ടെന്നും ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും ജീവനക്കാരും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ രോഗിക്കും മിനിറ്റുകൾക്കുള്ളിൽ പരിചരണം ഉറപ്പാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
എങ്കിലും, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വരുന്ന വർധനവ് കണക്കിലെടുത്ത് കൂടുതൽ ജൂനിയർ ഡോക്ടർമാരുടെ സേവനം അടിയന്തരമായി ആവശ്യമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

