കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മിഠായി ക്ലിനിക്കിനെ ആശ്രയിച്ചു കഴിയുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കഴിഞ്ഞ മൂന്നു മാസമായി ഇൻസുലിൻ മരുന്നോ ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകളോ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തി.
മിഠായി പദ്ധതി സാമൂഹ്യനീതി വകുപ്പിൽ നിന്ന് ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. മുൻ സർക്കാർ കാലയളവിൽ ജില്ലയിൽ ആരംഭിച്ച ഈ സാറ്റ്ലൈറ്റ് ക്ലിനിക് നിലവിൽ വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്.
വിതരണം ചെയ്യുന്ന ഇൻസുലിന്റെ ഗുണനിലവാരക്കുറവ് മൂലം കുട്ടികൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. അധികൃതരെ പലതവണ ഈ വിഷയം നേരിൽ ബോധ്യപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
പ്രതിമാസം ഏകദേശം 4000 രൂപയോളം വിലവരുന്ന മരുന്നുകൾ സ്വന്തം നിലയ്ക്ക് വാങ്ങുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നത്. കുടുംബത്തിൽ ഒന്നിലധികം കുട്ടികൾക്ക് രോഗമുള്ള സാഹചര്യത്തിൽ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്.
വിഷയത്തിൽ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

