ദില്ലി: ശിവസേനയുടെ ഉദ്ദവ് താക്കറെ വിഭാഗത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നു. പാർട്ടിയിലെ ആറ് ലോക്സഭാ എംപിമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാൻ നീക്കം തുടങ്ങി.
ആകെ ഒൻപത് ലോക്സഭാ എംപിമാരിൽ ആറ് പേർ ഷിൻഡേ പക്ഷത്തേക്ക് ചേക്കേറുന്നതോടെ പാർട്ടിയിൽ ഔദ്യോഗികമായി പിളർപ്പ് സംഭവിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് വിമതരുടെ തീരുമാനം.
ഇതിനായി ദില്ലിയിലെത്തിയ അഞ്ച് എംപിമാരുമായി ഏക്നാഥ് ഷിൻഡേ നേരിട്ട് കൂടിക്കാഴ്ച നടത്തും. ശേഷം, പ്രത്യേക ബ്ലോക്കായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് കൈമാറാനാണ് പദ്ധതി.
വിമതരിൽ ഒരാൾ നിലവിൽ മുംബൈയിലാണ് ഉള്ളത്. വിഷയത്തിൽ പ്രതികരണവുമായി ഉദ്ദവ് താക്കറെ പക്ഷം രംഗത്തെത്തി.
പാർട്ടി വിട്ടുപോകുന്നവർ രാജിവെച്ച് ജനവിധി തേടണമെന്ന് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. “ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബിജെപി തങ്ങളുടെ എംപിമാരെ 15 കോടി നൽകി ചാർട്ടഡ് ഫ്ലൈറ്റിൽ മഹാരാഷ്ട്രയിൽ നിന്നും റാഞ്ചിയെന്ന് റാവുത്ത് പറഞ്ഞു.
ഓപ്പറേഷൻ ടൈഗറാണ് നടക്കുന്നതെന്നും പോകുന്ന എംപിമാർ രാജിവെച്ച് പോകണമെന്നും ആവശ്യപ്പെട്ടു.” വിമതരെ തടയാൻ ഉദ്ദവ് പക്ഷം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു. നിലവിൽ ഉദ്ദവ് പക്ഷത്തോടൊപ്പം തുടരുന്ന അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ എന്നിവർക്കൊപ്പമാണ് സഞ്ജയ് റാവുത്ത് വാർത്താസമ്മേളനം നടത്തിയത്.
വിമതർക്ക് പ്രത്യേക ബ്ലോക്ക് പദവി അനുവദിക്കരുതെന്ന് കാണിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഉദ്ദവ് പക്ഷം കത്ത് നൽകിയിട്ടുണ്ട്. കൂടാതെ, നാളെ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും, യോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.
ഈ നീക്കം എൻഡിഎയ്ക്ക് ലോക്സഭയിൽ കൂടുതൽ കരുത്ത് പകരും. നിലവിൽ 293 എംപിമാരുള്ള എൻഡിഎയുടെ അംഗബലം, ശിവസേന വിമതരും മറ്റ് സഖ്യകക്ഷികളും ചേരുന്നതോടെ 319-ലേക്ക് ഉയരാൻ സാധ്യതയുണ്ട്.
വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കാൻ ഒരുങ്ങുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ രാഷ്ട്രീയ മാറ്റം ഏറെ ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

