ഡാലസ് വേദിയാകുന്ന ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നിന് അരങ്ങൊരുങ്ങുന്നു. ടൂർണമെന്റിലെ ‘മരണഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് എൽ-ലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടും.
ആഫ്രിക്കൻ വമ്പന്മാരായ ഘാനയും ലാറ്റിനമേരിക്കൻ പ്രതിനിധികളായ പനാമയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ, ഈ രണ്ടു ടീമുകളുടെയും പോരാട്ടം നിർണ്ണായകമാണ്. വ്യാഴാഴ്ച പുലർച്ചെ 1:30-നാണ് മത്സരം നടക്കുന്നത്.
തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീം യുവപ്രതിഭകളുടെ നീണ്ട നിരയുമായാണ് ലോകവേദിയിലെത്തിയിരിക്കുന്നത്.
ബുണ്ടസ് ലീഗിലെ മികച്ച പ്രകടനം തുടരുന്ന ക്യാപ്റ്റൻ ഹാരി കെയ്ൻ തന്നെയാണ് ടീമിന്റെ മുന്നേറ്റനിരയുടെ കരുത്ത്. ജൂഡ് ബെല്ലിങ്ങ്ഹാം, ആന്റണി ഗോർഡൻ, ഡെക്ലെൻ റൈസ്, കോബി മൈനൂ, എസ്സേ, ബുക്കായോ സാക്ക, മാർക്കസ് റാഷ്ഫോർഡ്, ജോർദാൻ ഹെൻഡേഴ്സൺ, നിക്കോ ഒറെയ്ലി, റീസ് ജെയിംസ്, പിക്ഫോർഡ് തുടങ്ങിയ മികച്ച താരങ്ങൾ ഇംഗ്ലീഷ് സംഘത്തിലുണ്ട്.
എന്നാൽ, ഫിൽ ഫോഡൻ, കോൾ പാൾമർ, ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ തുടങ്ങിയ പ്രമുഖരെ ടീമിൽ ഉൾപ്പെടുത്താത്തത് പരിശീലകൻ ടുഷേലിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെയുള്ള ഈ വിമർശനങ്ങൾക്കുള്ള മറുപടി കളിക്കളത്തിൽ നൽകാനാണ് ടുഷേലിന്റെ തീരുമാനം.
മറുഭാഗത്ത്, മധ്യനിരയിലെ മാന്ത്രികൻ ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിലാണ് ക്രൊയേഷ്യൻ സംഘം ഇറങ്ങുന്നത്. തന്റെ നാല്പ്പതാം വയസ്സിലും കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള മോഡ്രിച്ചിന്റെ അവസാന ലോകകപ്പായിരിക്കുമിതെന്ന അഭ്യൂഹങ്ങൾക്കിടെ, വിജയം ലക്ഷ്യമിട്ടുതന്നെയാണ് ടീം കളത്തിലിറങ്ങുന്നത്.
ജോസ്കോ ഗ്വാഡിയോൾ, കോവാസിച്, ക്രമാരിച്, ഇവാൻ പെരിസിച് തുടങ്ങി പരിചയസമ്പന്നരായ താരങ്ങളും യുവനിരയും ഒത്തുചേരുമ്പോൾ, മറ്റൊരു അട്ടിമറിക്ക് ക്രൊയേഷ്യ തയ്യാറെടുക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

