സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ, പിണറായി വിജയന്റെ മകൾ വീണ വിജയൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരാകും.
നേരത്തെ ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് നൽകിയിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഹാജരാകാൻ അധികൃതർ നിർദേശം നൽകി.
കൊച്ചിയിലെ ഇ.ഡി ഓഫീസിലും പരിസരത്തും കനത്ത സുരക്ഷയാണ് ഇതിനോടകം ഒരുക്കിയിരിക്കുന്നത്. കേസിന്റെ ഭാഗമായി സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കേസിന്റെ പശ്ചാത്തലം
വീണ വിജയൻ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ എന്ന കമ്പനിയിൽ നിന്നും സേവനങ്ങളൊന്നും നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നും, സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
ഇതിനുമുൻപ് പ്രതികളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി പരിശോധനകൾ നടത്തിയിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്ഐഒ) ശേഖരിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

