സ്വീഡനിലെ ഓംഗർമാൻലാൻഡ് സ്വദേശിയായ ഒരാൾ സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തിയും നിരീക്ഷണത്തിലാക്കിയും 120-ലധികം പുരുഷന്മാർക്ക് കാഴ്ചവെച്ച കേസിൽ കോടതി വിധി പ്രസ്താവിച്ചു. സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഹെർനോസാൻഡ് കോടതി നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷയാണ് പ്രതിക്ക് വിധിച്ചത്.
ബലാത്സംഗം, ഗൗരവകരമായ പെൺവാണിഭം, മർദ്ദനം, നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരയെ ബലാത്സംഗം ചെയ്ത 28 പുരുഷന്മാർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ക്രാംഫോർസിലെ ഒറ്റപ്പെട്ട ഫാമിൽ വെച്ചായിരുന്നു ക്രൂരതകൾ നടന്നത്.
2022-ൽ ആരംഭിച്ച പീഡനം 2025 ഒക്ടോബറിൽ സ്ത്രീ പൊലീസിൽ പരാതി നൽകുന്നത് വരെ നീണ്ടുനിന്നു. പ്രതി ഭാര്യയെ നിരന്തരം നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താൻ പറയുന്നതനുസരിച്ചില്ലെങ്കിൽ വിരലുകൾ മുറിച്ചുകളയുമെന്നും, പെട്രോളൊഴിച്ച് കത്തിക്കുമെന്നും, കൊലപ്പെടുത്തുമെന്നും ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വീടിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ വഴി സ്ത്രീയുടെ നീക്കങ്ങൾ പ്രതി കൃത്യമായി നിരീക്ഷിച്ചിരുന്നു.
ഒടുവിൽ ക്യാമറയുടെ പരിധിയിൽ വരാത്ത ഒരു വഴിയിലൂടെ രക്ഷപ്പെട്ടാണ് ഇര പൊലീസിനെ സമീപിച്ചത്. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള കൂടിക്കാഴ്ചകൾക്ക് സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്.
എന്നാൽ, ഭാര്യയെ ക്യാമറയ്ക്ക് മുന്നിൽ ലൈംഗിക പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും അത് ഓൺലൈനിൽ സംപ്രേഷണം ചെയ്യുകയുമായിരുന്നു ഇയാൾ. ഇതിനായി മാനസികമായി പീഡിപ്പിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.
സംഭവത്തിൽ പങ്കാളികളായ 120 പുരുഷന്മാരെ തിരിച്ചറിഞ്ഞെങ്കിലും, അതിൽ 29 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ കുറ്റം തെളിഞ്ഞ 28 പേരെ കോടതി ശിക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

