പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ചു. വിനോദസഞ്ചാരികളായ വനിതകൾക്ക് പുറമെ, ഈ മേഖലയിലെ തോട്ടം തൊഴിലാളികൾക്കും വനവാസി വിഭാഗത്തിൽപ്പെട്ട
സ്ത്രീകൾക്കും ഈ തീരുമാനം വലിയൊരു ആശ്വാസമാണ് പകർന്നിരിക്കുന്നത്. കൂടുതൽ വനിതാ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തൊഴിലാളികൾക്ക് വലിയ ആശ്വാസം
ഗവി കെഎഫ്ഡിസി തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ഈ സൗകര്യം ഏറെ ഗുണകരമാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി 32 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറിനെയാണ് ഇവർ ആശ്രയിക്കുന്നത്.
കൊച്ചുപമ്പ, ഗവി, 14ാം മൈൽ തുടങ്ങിയ സ്റ്റോപ്പുകളിൽ നിന്നും വണ്ടിപ്പെരിയാർ ഭാഗത്തേക്ക് യാത്ര ചെയ്യാൻ മുൻപ് 56 രൂപയും സീതത്തോട് ഭാഗത്തേക്ക് 80 രൂപയോടടുത്തും ടിക്കറ്റ് നിരക്ക് നൽകേണ്ടിയിരുന്നു. ദിവസവേതനം 520 രൂപ മാത്രം ലഭിക്കുന്ന തൊഴിലാളികൾക്ക് ഈ യാത്രാക്കൂലി വലിയ ബാധ്യതയായിരുന്നുവെന്ന് ഗവി മുൻ പഞ്ചായത്തംഗം തായ്പ്പുള്ള ഗുരുസ്വാമി വ്യക്തമാക്കി.
പദ്ധതി നിലവിൽ വന്നതോടെ ഗവി നിവാസികൾ വലിയ ആവേശത്തിലാണ്. വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് ഗവിയിൽ സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.
യാത്രാ സമയം
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 5.30-നും 6.30-നുമാണ് കുമളിയിലേക്കുള്ള രണ്ട് ബസുകൾ പുറപ്പെടുന്നത്.
പത്തനംതിട്ട–കുമളി റൂട്ടിൽ 208 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂൺ 15 മുതൽ തന്നെ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ യാത്രയ്ക്ക് തുടക്കം കുറിച്ചു.
വള്ളക്കടവ് മുതൽ കുമളി വരെയുള്ള യാത്രയിലാണ് വനിതകൾക്ക് ‘സീറോ ടിക്കറ്റ്’ നൽകി തുടങ്ങിയത്. ആദ്യ ബസിൽ 20 വനിതകൾക്കും രണ്ടാമത്തെ ബസിൽ 9 വനിതകൾക്കും സൗജന്യയാത്ര നൽകിയതായി കണ്ടക്ടർമാരായ ബോബി ജോർജ്, ജയ കൃഷ്ണൻ എന്നിവർ അറിയിച്ചു.
പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് രണ്ട് ബസുകളും കുമളി ഡിപ്പോയിൽ നിന്ന് ഒരു ബസുമാണ് നിലവിൽ സർവീസ് നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

