ലോക്സഭാംഗത്വം റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാൻ തന്ത്രപരമായ നീക്കവുമായി തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ. നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ചതായി പ്രഖ്യാപിച്ച വിമതർ, പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി.
നേരത്തെ, വിമത എംപിമാരുടെ നീക്കത്തെ തടയണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതൃത്വം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിമതരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.
യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന അവകാശവാദം തൽക്കാലം മാറ്റിവെച്ചാണ് വിമതർ പുതിയ പാർട്ടിയിൽ ലയിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിപുരയിൽ രജിസ്റ്റർ ചെയ്യുകയും ബംഗാളിലും അസമിലും പ്രവർത്തനമേഖലയുള്ളതുമായ പാർട്ടിയാണ് എൻസിപിഐ.
തങ്ങൾ ലയനത്തിലേക്ക് നീങ്ങിയെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നത്തിന് വേണ്ടിയുള്ള നിയമപോരാട്ടം തുടരുമെന്നും വിമത എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ അനുമതിയില്ലാതെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ വിമതർക്ക് സാധിക്കില്ലെന്ന തടസ്സം മറികടക്കാൻ, മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കുന്ന സാഹചര്യത്തെ ഇവർ ആശ്രയിക്കുന്നു.
ഈ നിയമസാധുത ഉപയോഗിച്ച് തങ്ങളുടെ ഇരുപത് എംപിമാരുടെ അയോഗ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. യൂസഫ് പത്താൻ, സായോനി ഘോഷ് എന്നിവരുൾപ്പെടെ പതിനേഴ് എംപിമാർ നേരിട്ടെത്തിയാണ് സ്പീക്കർക്ക് കത്ത് കൈമാറിയത്.
എൻഡിഎയ്ക്ക് പിന്തുണ നൽകാനുള്ള സന്നദ്ധതയും ഇവർ കത്തിൽ അറിയിച്ചിട്ടുണ്ട്. വിമതരുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
വിമതരുടെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മമത പക്ഷം വീണ്ടും സ്പീക്കറെ സമീപിക്കുമെന്നാണ് സൂചന. അതേസമയം, കേന്ദ്രമന്ത്രിയുടെ വസതിയിലും ബംഗള ഭവനിലുമായി വിമത എംപിമാർ കൂടിക്കാഴ്ചകൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

