കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാ വാഗ്ദാനം സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി ബിജെപി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി വരും തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലെയും കെഎസ്ആർടിസി ഓഫിസുകളിലേക്കും ഡിപ്പോകളിലേക്കും പാർട്ടി പ്രവർത്തകർ മാർച്ച് നടത്തും.
ബിജെപിയുടെ മുതിർന്ന സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ സമരങ്ങൾക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കുള്ള സൗജന്യയാത്ര മുഴുവൻ ഓർഡിനറി ബസുകളിലും ലഭ്യമാക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നത്. എന്നാൽ, അധികാരത്തിൽ എത്തിയ ശേഷം സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി ആരോപിച്ചു.
പ്രതിഷേധത്തിനുള്ള കാരണങ്ങൾ
നിലവിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യയാത്ര ഇല്ലാതാക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നതായി ബിജെപി വ്യക്തമാക്കുന്നു.
ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ പേര് മാറ്റി സ്ത്രീകൾക്കുള്ള ആനുകൂല്യം നിഷേധിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മൂവായിരത്തിലധികം ഓർഡിനറി ബസുകൾ വിവിധ പേരുകളിലേക്ക് മാറ്റിയതിലൂടെയാണ് ഈ ആനുകൂല്യം അട്ടിമറിക്കപ്പെടുന്നത്.
പ്രത്യേകിച്ച് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ സർവീസ് നടത്തിയിരുന്ന പല ബസുകളിലും ‘സിറ്റി ഫാസ്റ്റ്’ ഉൾപ്പെടെയുള്ള പുതിയ പേരുകൾ പതിച്ച് സർവീസ് നടത്തുകയാണ്. ഇത്തരത്തിൽ ബസുകളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി സാധാരണക്കാർക്ക് ലഭിക്കേണ്ട
യാത്രാ സൗകര്യം തടയുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

