സാവോ പോളോയിൽ സാഹസിക വിനോദമായ ബഞ്ചി ജംപിങ്ങിനിടെ 21കാരിക്ക് ദാരുണാന്ത്യം. 130 അടി ഉയരമുള്ള സ്കെലിറ്റൻ ബ്രിഡ്ജിൽ നിന്ന് ചാടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സ്വകാര്യ കമ്പനി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ ശരീരത്തിൽ സുരക്ഷാ കയറായ ബഞ്ചി കോർഡ് ഘടിപ്പിക്കാൻ സംഘാടകർ മറന്നുപോയതാണ് അപകടത്തിന് വഴിയൊരുക്കിയത്.
സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാതെ യുവതിയെ ചാടാൻ അനുവദിച്ചത് കടുത്ത അനാസ്ഥയാണെന്ന് വിമർശനം ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു.
കൺമുന്നിൽ നടന്ന ദാരുണമായ മരണം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കി. അപകടസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ യുവതി മരിച്ചതായി സ്ഥിരീകരിച്ചു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതി താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് അവിടെയുണ്ടായിരുന്നവർ പരിഭ്രാന്തരായി നിലവിളിക്കുന്നതും, കയർ ബന്ധിപ്പിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മരണത്തിന് തൊട്ടുമുമ്പ് മരിയ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ചർച്ചയായിട്ടുണ്ട്.
ജമ്പിംഗ് സൈറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പം “ഒരു പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്?” എന്നായിരുന്നു മരിയ അവസാനമായി കുറിച്ചത്. സംഭവത്തിൽ വിനോദ പരിപാടി സംഘടിപ്പിച്ച കമ്പനിയിലെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചകളെക്കുറിച്ചും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

