പോലീസ് ഉദ്യോഗം ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചേർന്ന ഉദ്യോഗസ്ഥനായ മുരാരി ബാബുവിന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ അഞ്ച് വർഷമായി കടുത്ത വിവാദങ്ങളുടെ നിഴലിലാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെടുന്നതുവരെ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലായിരുന്നു ഇദ്ദേഹം.
1994-ൽ പോലീസ് സേനയിൽ പ്രവേശിച്ചെങ്കിലും പരിശീലന കാലയളവിൽ കണ്ണൂർ ക്യാംപിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് 1997-ലാണ് ഇദ്ദേഹം ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിക്കുന്നത്.
ഏറ്റുമാനൂർ ദേവസ്വത്തിൽ ക്ലാർക്ക് തസ്തികയിൽ ആരംഭിച്ച സേവനം പിന്നീട് സ്ഥാനക്കയറ്റങ്ങളോടെ വിവിധ ക്ഷേത്രങ്ങളിലേക്ക് വ്യാപിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി സേവനമനുഷ്ഠിക്കവേ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
കൂടാതെ, ശ്രീകോവിലിലെ അഗ്നിബാധയും വിഗ്രഹത്തിലെ സ്വർണപ്രഭയിൽ മൂന്ന് സ്വർണ നാഗപ്പത്തികൾ അനധികൃതമായി വിളക്കിച്ചേർത്തതും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയരാൻ കാരണമായി. ഇതേതുടർന്ന് ഏറ്റുമാനൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചെങ്കിലും, പിന്നീട് വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മിഷണറായും, മണ്ഡലകാലത്ത് ശബരിമലയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറായും (സ്പെഷൽ ഓഫിസർ) നിയമിക്കപ്പെട്ടു.
നിലവിൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ കവർച്ച, വിശ്വാസവഞ്ചന, മോഷണം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയിരിക്കുകയാണ്. 1998-ൽ തന്നെ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞ വിവരം അറിഞ്ഞിട്ടും, 2019-ലും 2024-ലും സ്വർണപാളികൾ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതുകൂടാതെ, ക്ഷേത്ര എഴുന്നള്ളിപ്പുകൾക്കായി ആനകളെ കൊണ്ടുവരുന്നതിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട
കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുരാരി ബാബുവിനെ ചോദ്യം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

