ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഭരണകൂടത്തിന്റെ മൗനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി.
അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവനയിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കാനോ അനുശോചനം രേഖപ്പെടുത്താനോ തയ്യാറാകാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്.
ശശി തരൂർ കുറിച്ച വാക്കുകൾ ഇങ്ങനെ: “അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാൻ വായിച്ചത്. നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല.
ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു?” നിയമലംഘനം ആരോപിക്കപ്പെടുന്ന വാണിജ്യ കപ്പലുകളെ മാരകമല്ലാത്ത മാർഗ്ഗങ്ങളിലൂടെ നേരിടാൻ സാധിക്കുമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. കപ്പലിന്റെ എൻജിൻ അല്ലെങ്കിൽ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കി ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും, സിവിലിയൻ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സമുദ്രപാതകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാർ അമേരിക്കൻ മിസൈലുകൾക്ക് ഇരയാകുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിഷയം യുഎസ് അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, സംഭവത്തിൽ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെട്ടത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഫോണിൽ ബന്ധപ്പെട്ട
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വാണിജ്യ കപ്പലുകൾക്കെതിരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് യുഎസ് സേന ആക്രമണം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

