വടകരയിലെ ദേശീയപാത സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് മറികടക്കാൻ നിയമവിരുദ്ധമായി ഡ്രൈവിംഗ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ ചെളിയിൽ പുതഞ്ഞു. വെള്ളി വൈകിട്ട് 3 മണിക്ക് കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന ‘ബ്ലാക്ക് പേൾ’ എന്ന ബസ്സാണ് ആദ്യം അപകടത്തിൽപ്പെട്ടത്.
ഇതിനു പിന്നാലെ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ കോഴിക്കോട് – ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘റോയൽ ബേഡ്’ എന്ന ബസ്സും ഇതേ രീതിയിൽ ചെളിയിൽ താഴ്ന്നു. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സർവീസ് റോഡിന് സമീപം മണ്ണ് നിക്ഷേപിച്ച ഭാഗത്തുകൂടി ബസ്സുകൾ മറികടന്നു പോകാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
സംഭവത്തെ തുടർന്ന് രണ്ട് ബസ്സുകൾക്കും ഓരോ ട്രിപ്പുകൾ വീതം നഷ്ടപ്പെടുകയും യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. തുടർന്ന് യാത്രക്കാർ പുതിയ ബസ് സ്റ്റാൻഡിലെത്തി മറ്റ് വാഹനങ്ങളിൽ കയറി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു.
യാത്രക്കാരെ പൂർണ്ണമായും പുറത്തിറക്കിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ബസ്സുകൾ പിന്നീട് നീക്കം ചെയ്തത്. സർവീസ് റോഡുകളിൽ സ്വകാര്യ ബസുകൾ നിയമലംഘനം നടത്തി ഇത്തരത്തിൽ മറികടന്നു പോകുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ഇത്തരം നടപടികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ പി.കെ.വൃന്ദ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

