കാസർകോട് ജില്ലയിലെ ദേശീയപാതാ വികസനം അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും നീങ്ങുന്നു. പാതയുടെ ആദ്യ റീച്ചിന്റെ നിർമാണം പൂർത്തിയായി ഒരു വർഷത്തോളമായിട്ടും, ബാക്കി രണ്ട് റീച്ചുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
വികസനത്തിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളും നിർമാണ കമ്പനിയുടെ മെല്ലെപ്പോക്കും യാത്രക്കാർക്കും നാട്ടുകാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെർക്കള– ചട്ടഞ്ചാൽ പാതയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഗതാഗതത്തിന് ഭീഷണിയാകുന്നുണ്ട്.
ഇതുമൂലം പലതവണ ഗതാഗതം നിരോധിക്കേണ്ടി വന്നു. ചെർക്കള മേൽപാലം നിർമാണം അനന്തമായി നീളുന്നതും, വയഡക്ട്, ഓടനിർമാണം എന്നിവ അപൂർണമായി കിടക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.
ബേവിഞ്ച സ്റ്റാർ നഗർ മുതൽ തെക്കിൽ പാലം വരെ അടുത്തിടെയുണ്ടായ മണ്ണൊലിപ്പും വെള്ളക്കെട്ടും നിർമാണത്തിലെ പോരായ്മകൾ വ്യക്തമാക്കുന്നു. വികെ പാറ മുതൽ ബേവിഞ്ച പാലം വരെ പതിനാല് കലുങ്കുകൾക്ക് പകരം രണ്ടെണ്ണം മാത്രമാണ് നിർമിച്ചത്, അതും പൂർത്തിയായിട്ടില്ല.
മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തത് പ്രദേശത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പൊള്ളക്കടയിലെ മുപ്പതോളം കുടുംബങ്ങളുടെ ദുരിതം തുടരുകയാണ്.
കൃഷിയിടങ്ങളിലേക്കുള്ള നടവഴിയും തോടും നഷ്ടമായ ഇവർക്ക് ഇതുവരെ അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഏമ്പംകുണ്ട് തോടിന് കുറുകെയുള്ള പാലം പൊളിച്ചതോടെ നാട്ടുകാർ ഒറ്റപ്പെട്ട
അവസ്ഥയിലാണ്. മൂന്ന് മാസം മുൻപ് തുടങ്ങിയ സർവീസ് റോഡ് നിർമാണവും പാർശ്വഭിത്തി നിർമാണവും പാതിവഴിയിലാണ്.
നീലേശ്വരം മേഖലയിൽ ദേശീയപാത അതോറിറ്റിയുടെ തീരുമാനങ്ങൾ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 1957-ൽ നിർമിച്ച പഴയ പാലം നിലനിർത്തിക്കൊണ്ടുള്ള നിർമാണം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമാകുന്നു.
എലിവേറ്റഡ് ബ്രിജ് വേണമെന്ന ആവശ്യം തള്ളിയതും, എംബാങ്ക്മെന്റ് ബ്രിജ് നിർമിച്ചതും യാത്രക്കാരെ വലയ്ക്കുകയാണ്. കൂടാതെ, വീരമലക്കുന്ന് ഇടിയുമെന്ന ആശങ്കയും പ്രദേശവാസികളെ വിട്ടുമാറുന്നില്ല.
കഴിഞ്ഞ കാലവർഷത്തിൽ സംരക്ഷണഭിത്തി തകർന്നത് വലിയ ഭീഷണി ഉയർത്തിയിരുന്നു. വനംവകുപ്പിന്റെ ഭൂമി ലഭ്യമാക്കുന്നതിലെ കാലതാമസം തട്ടുകളായി തിരിക്കുന്ന പ്രവൃത്തികളെ ബാധിക്കുന്നു.
മട്ടലായിയിൽ റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് മണ്ണിന്റെ ഘടനയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചു. നിർമാണവേളയിൽ തൊഴിലാളി മരിച്ച സംഭവവും ഇവിടെ നിലനിൽക്കുന്നുണ്ട്.
മാർക്കറ്റ് ജംക്ഷൻ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ എലിവേറ്റഡ് ബ്രിജ് ഇല്ലാത്തത് വ്യാപാരികളുടെ ജീവിതമാർഗം മുടക്കി. കണിയാംവയൽ പ്രദേശത്ത് സർവീസ് റോഡ് നിർമാണത്തെത്തുടർന്നുണ്ടായ വെള്ളക്കെട്ട് വീടുകളിലേക്കും വ്യാപകമാവുകയാണ്.
സെപ്റ്റിക് ടാങ്കുകൾ നിറയുന്നതും മലിനജലം ഒഴുകിയെത്തുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ശാസ്ത്രീയമായ പരിശോധനകളോ പരിഹാരങ്ങളോ ഇല്ലാതെ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

