ഭാര്യയെ മർദിച്ചെന്ന പരാതിയിൽ തനിക്കെതിരെ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് എ ആർ ശ്രീകുമാർ രംഗത്തെത്തി. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ളതാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
തന്റെ കുടുംബത്തിലുണ്ടായ ചെറിയൊരു വിഷയത്തെ പർവതീകരിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം ആഘോഷമാക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പത്ര ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ ജീവിതത്തിൽ കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്.
എന്നാൽ ഇത്തരം വിഷയങ്ങളെ മനുഷ്യസ്നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന്” ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്ത രീതിയിൽ അസത്യ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി അവഹേളിക്കുന്നത് അവസാനിപ്പിക്കണം. കുടുംബങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങൾ പൊതുസമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് സംഭവം നടന്നതെന്നാണ് ഭാര്യയുടെ പരാതി. വീട്ടിലെത്താൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ശ്രീകുമാർ മർദിച്ചെന്നാണ് ആരോപണം.
“തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയിൽ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നുമാണ്” പരാതിയിൽ പറയുന്നത്. ആ സമയത്ത് ഭിത്തിയിൽ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും, അല്ലാത്തപക്ഷം മരണം വരെ സംഭവിക്കാമായിരുന്നു എന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

