സമൂഹമാധ്യമങ്ങൾ വഴി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സംവിധായിക രത്തീന നൽകിയ പരാതിയിൽ കേസെടുത്തു. എറണാകുളം ഹിൽപാലസ് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷെർഷാദിനെ പ്രതിചേർത്താണ് നടപടി. നേരത്തെ, സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മുഹമ്മദ് ഷെർഷാദ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച കത്ത് പുറത്തായ സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രത്തീന ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തുകയുണ്ടായി. താനും ഷെർഷാദും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നാണ് രത്തീന വ്യക്തമാക്കിയത്.
താൻ നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ കാരണമാണ് ദാമ്പത്യബന്ധം വേർപെടുത്തേണ്ടി വന്നതെന്ന് രത്തീന വ്യക്തമാക്കി. “അപമാനിക്കുക എന്ന് മാത്രമാണ് ഷെർഷാദിന്റെ ലക്ഷ്യം” എന്ന് അവർ ആരോപിച്ചു.
ഷെർഷാദ് ഗാർഹിക പീഡനക്കേസിൽ കോടതി ശിക്ഷിച്ച, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട വ്യക്തിയാണെന്നും, വിവാഹമോചനത്തിന് ശേഷവും താൻ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും അവർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

