തമിഴ് ചലച്ചിത്ര താരം രാഘവ ലോറൻസ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കി രംഗത്ത്. താൻ രാഷ്ട്രീയത്തിൽ സജീവമാകണോ എന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള വീഡിയോ സന്ദേശം അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു.
താൻ രാഷ്ട്രീയത്തിലേക്ക് വരണമോ എന്ന് ജനങ്ങൾക്ക് കമന്റുകളിലൂടെ അറിയിക്കാമെന്നും, ആ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 11-ാം തീയതി ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്ന് താരം അറിയിച്ചിരുന്നു.
എന്നാൽ തമിഴ് സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിട്ട
18 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ രാഷ്ട്രീയ ആഗ്രഹം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ നടത്തിവരുന്ന സാമൂഹിക സേവനങ്ങളെക്കുറിച്ചുള്ള വിവരണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ: “എന്നാൽ അമ്മയ്ക്ക് അതിനോട് എതിർപ്പ് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പോവരുതെന്നും പണം കൊടുത്താൽ മാത്രമേ വോട്ട് ലഭിക്കൂ എന്ന് പറഞ്ഞ് അമ്മ നിരുത്സാഹപ്പെടുത്തി.
പിന്നീട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോഴും അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. പഴയ മറുപടി തന്നെയാണ് അമ്മ പറഞ്ഞത്.
എന്നാൽ മത്സരഫലം എന്നെ ആഹ്ളാദിപ്പിച്ചു. വരേണ്ടവർ വന്നാൽ ജനം വോട്ട് ചെയ്യുമെന്ന് അമ്മയോട് ഞാൻ പറഞ്ഞു.
ഒടുവിൽ അമ്മയും അനുകൂലമായി പ്രതികരിച്ചു”. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രശംസിച്ച താരം, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള താൽപ്പര്യവും പങ്കുവെച്ചു.
വിജയ് മത്സരിച്ച് വിജയിച്ച പെരമ്പൂർ മണ്ഡലം നിലനിർത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തിരുച്ചിറപ്പള്ളി ഈസ്റ്റിലേക്ക് ടിവികെ സ്ഥാനാർത്ഥിയായി രാഘവ ലോറൻസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

