യുഎസ് – ഇറാൻ യുദ്ധസാഹചര്യത്തിന്റെയും ഹോർമുസ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്നു. നിലവിൽ രണ്ട് മാസത്തേക്കുള്ള ക്രൂഡോയിൽ ശേഖരം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
ഇത് മൂന്ന് മാസത്തേക്കായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഭ്യന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ക്രൂഡോയിലിന്റെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നതിനാൽ, രാജ്യാന്തര വിപണിയിലെ ചെറിയ വിലവ്യതിയാനങ്ങൾ പോലും സമ്പദ്വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കാറുണ്ട്.
യുദ്ധസാഹചര്യം ശാന്തമായ ശേഷം ഘട്ടം ഘട്ടമായി ക്രൂഡോയിൽ ശേഖരം വർധിപ്പിക്കാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയേക്കുമെന്നാണ് വിവരം. നിലവിലുള്ള സംഭരണശാലകളുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പുതിയവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
ഭാവിയിൽ ആറുമാസത്തെ ആവശ്യത്തിനുള്ള ക്രൂഡോയിൽ സൂക്ഷിക്കുന്ന ചൈനീസ് മാതൃകയിലേക്ക് മാറാനും സർക്കാരിന് ആലോചനയുണ്ട്. നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ (ISPRL) കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായി 5.33 മില്യൻ മെട്രിക് ടൺ ക്രൂഡോയിൽ ഇന്ത്യ സൂക്ഷിക്കുന്നുണ്ട്.
ഇതിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളും അണിയറയിൽ നടക്കുന്നുണ്ട്. സാമ്പത്തിക ആഘാതം
2025-26 സാമ്പത്തിക വർഷത്തിൽ 13,470 കോടി ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇത് രാജ്യത്തിന്റെ ആകെ ഇറക്കുമതി ചെലവിന്റെ 17 ശതമാനത്തോളം വരും. ഇറാൻ-യുഎസ് സംഘർഷം മൂലം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വലിയ വർധനവാണ് ഉണ്ടാക്കിയത്.
നടപ്പു സാമ്പത്തിക വർഷത്തിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലവർധനവ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലും ഇടിവുണ്ടാക്കിയിരുന്നു.
സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചും വിദേശനിക്ഷേപം ആകർഷിക്കാനുള്ള നടപടികൾ സ്വീകരിച്ചും ഈ പ്രതിസന്ധിയെ നേരിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

