ഹരിപ്പാട് ∙ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബരജാഥയുമായി ബന്ധപ്പെട്ട് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ജാഥയ്ക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വാഹനം റോഡിന് കുറുകെയിട്ട് തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
വിവിധ രാജ്യങ്ങളുടെ പതാകകളും ഫുട്ബോൾ താരങ്ങളുടെ ചിത്രങ്ങളുമായി കെഎസ്ആർടിസി ജംക്ഷനിൽ ജാഥ എത്തിയപ്പോഴായിരുന്നു നടപടി. ജാഥയ്ക്ക് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐ ബാബുജി പൊലീസ് ജീപ്പ് റോഡിൽ കുറുകെയിടുകയും ഉച്ചഭാഷിണിയും വാഹനവും പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രവർത്തകർ ആരോപിച്ചു.
ഇതേതുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് പിന്മാറുകയായിരുന്നു.
സംഭവത്തിനു പിന്നാലെ, കണ്ടാലറിയാവുന്ന 25 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് നടപടി.
സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ എസ്ഐ ബാബുജിയെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
ഇത് അച്ചടക്ക നടപടിയാണെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായെങ്കിലും, സ്ഥലംമാറ്റം മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

