ഒമാൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തെ അതീവ ദാരുണമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പലാവു പതാക വഹിച്ചിരുന്ന എം ടി സെറ്റെബെല്ലോ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഒമാനിലെ സോഹാർ തുറമുഖത്ത് നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണം നടന്നത്. ഇറാനിൽ നിന്ന് ഇന്ധനം കൊണ്ടുപോകുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.
28 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 24 പേർ ഇന്ത്യക്കാരായിരുന്നു.
ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഡെക്ക് കേഡറ്റ് ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരെ കാണാതായിരുന്നു. പിന്നീട് ഇവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
കപ്പലിലുണ്ടായിരുന്ന ബാക്കി 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിവരമറിയിച്ചു. ആക്രമണത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയം വഴി അമേരിക്കൻ അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഒമാനിലെ ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര സമുദ്രപാതകളിൽ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

