പശ്ചിമഘട്ടത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ വർഗ്ഗീകരണത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ശാസ്ത്രീയ അവ്യക്തതയ്ക്ക് പരിഹാരമായി. പെരിയാർ കടുവസങ്കേതത്തിലെ നദീ ഉത്ഭവ പ്രദേശങ്ങളിലെ അരുവികളിൽ നടത്തിയ പഠനത്തിലൂടെ പുതിയൊരു മത്സ്യയിനത്തെ ഗവേഷകർ തിരിച്ചറിഞ്ഞു.
ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ (Eechathalakenda incognita) എന്നാണ് ഈ പുതിയ സ്പീഷിസിന് പേര് നൽകിയിരിക്കുന്നത്.
ചരിത്രപരമായ പശ്ചാത്തലം
1941-ൽ സുന്ദരരാജ് എന്ന ശാസ്ത്രജ്ഞൻ പമ്പാനദിയിൽ നിന്ന് കണ്ടെത്തിയ മത്സ്യത്തെ അടിസ്ഥാനമാക്കി 1999-ലാണ് ‘ഈച്ചത്തലക്കണ്ട’ എന്ന ജനുസ്സ് രൂപീകരിച്ചത്. കാലങ്ങളായി പെരിയാറിലും പമ്പയിലുമുള്ള ഇത്തരം മത്സ്യങ്ങളെല്ലാം ഈച്ചത്തലക്കണ്ട
ഒഫിസെഫാല എന്ന ഒരൊറ്റ ഇനമായാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ഇക്കൂട്ടത്തിൽ മറ്റൊരു വിഭാഗം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പുതിയ പഠനം സ്ഥിരീകരിച്ചു.
4.9% മുതൽ 5.3% വരെ ജനിതക വ്യത്യാസവും, ചെതുമ്പലുകളുടെ ഘടനയിലും ചിറകുകളിലെ രശ്മികളുടെ എണ്ണത്തിലുമുള്ള മാറ്റങ്ങളും ഈ മത്സ്യത്തെ വേറിട്ടു നിർത്തുന്നു. ശാസ്ത്രലോകത്തിന് ഇതുവരെ തിരിച്ചറിയാൻ കഴിയാതിരുന്നതിനാലാണ് ‘ഇൻകോഗ്നിറ്റ’ (രഹസ്യമായത്/തിരിച്ചറിയപ്പെടാത്തത്) എന്ന വാക്ക് നാമകരണത്തിൽ ഉൾപ്പെടുത്തിയത്.
ഈ കണ്ടെത്തൽ പ്രശസ്തമായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി എന്ന രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷക സംഘം
കേരള സർവകലാശാലയിലെ ഗവേഷക ശ്വേതചന്ദ്ര (സെന്റ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം), കുഫോസിലെ അധ്യാപകൻ ഡോ.
രാജീവ് രാഘവൻ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ.
റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ, കുഫോസിലെ റയാൻ ബാബു എന്നിവർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
സംരക്ഷണത്തിന്റെ പ്രാധാന്യം
ഈച്ചത്തലക്കണ്ട ജനുസ്സിൽപ്പെട്ട
രണ്ട് മത്സ്യയിനങ്ങളുടെയും നിലനിൽപ് നിലവിൽ പ്രതിസന്ധിയിലാണ്. ഒഫിസെഫാല സമുദ്രനിരപ്പിൽനിന്ന് 1000 മീറ്ററിലേറെ ഉയരത്തിലുള്ള പമ്പാനദിയുടെ ഉറവിടങ്ങളിലേക്ക് പരിമിതപ്പെട്ടപ്പോൾ, ഇൻകോഗ്നിറ്റ അതിവേഗത്തിൽ ഒഴുകുന്ന പാറക്കെട്ടുകൾ നിറഞ്ഞ പ്രത്യേക അരുവികളിൽ മാത്രമാണ് കാണപ്പെടുന്നത്.
പെരിയാർ കടുവസങ്കേതത്തിൽ മാത്രം കണ്ടുവരുന്ന ഒൻപതാമത്തെ മത്സ്യയിനമാണിത്. കടുവസങ്കേതം 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഭിച്ച ഈ കണ്ടെത്തൽ, ഏഷ്യയിലെ അപൂർവ ശുദ്ധജല മത്സ്യങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ഈ പ്രദേശത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

