യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റും പ്രശസ്തനായ മാധ്യമപ്രവർത്തകനുമായ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ മേക്കുന്ന് മത്തിപ്പറമ്പിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
1936 ജൂൺ 20-ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയിലാണ് അദ്ദേഹം ജനിച്ചത്.
പൊതുപ്രവർത്തന രംഗത്തും മാധ്യമ രംഗത്തും ദശാബ്ദങ്ങളോളം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി, 1968-ൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
1975-ൽ മുസ്ലിം ലീഗിലുണ്ടായ പിളർപ്പിനെത്തുടർന്ന് അഖിലേന്ത്യാ മുസ്ലിം ലീഗിൽ വിവിധ ചുമതലകൾ വഹിച്ചു. ഈ കാലയളവിൽ പാർട്ടി പത്രമായ ‘ലീഗ് ടൈംസി’ന്റെ പത്രാധിപരായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1984-ൽ ലയനത്തിന് ശേഷം ‘ചന്ദ്രിക’യുടെ അസോസിയേറ്റ് എഡിറ്ററായും എറണാകുളത്ത് റസിഡന്റ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിലും സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം ഫെഡറേഷൻ ഓഫ് മുസ്ലിം ഓർഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂർ ദർസ് യതീംഖാന പ്രസിഡന്റ്, അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു.
കൂടാതെ കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗം എന്നീ നിലകളിലും മാധ്യമ ലോകത്ത് അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. എൻഎഎം ആർട്സ് ആൻഡ് സയൻസ് കോളജ് കല്ലിക്കണ്ടി, ബിഎഡ് കോളജ് പെരിങ്ങത്തൂർ, ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജരായും, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കാവുള്ളതിൽ സൈനബ ഹജ്ജുമ്മ. മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ.
മരുമക്കൾ: അസ്മ നിസാർ, സീനത്ത് ജാഫർ, മുഹമ്മദ് ശാഫി, നദീറ അസീസ്, റജ്ന ഫൈസൽ, നൗഷാദ്, മുഹമ്മദ് റഫീഖ്, ഹാരിസ്, ജാബിർ, ഷാനവാസ്, അബ്ദുൽ മജീദ്. മൃതദേഹം ഇന്ന് വൈകിട്ട് 6.30-ന് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

