അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിൽ പതിച്ചിരുന്ന സി.പി.എം ബാഡൂർ ലോക്കൽ കമ്മിറ്റിയുടെ പേര് ഉൾക്കൊള്ളുന്ന ബോർഡ് നീക്കം ചെയ്തു.
സി.പി.എം നേതാവ് കെ.എസ്.അബ്ദുൽ റഹ്മാന്റെ സ്മരണാർത്ഥം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ കവാടത്തിന്റെ തൂണുകളിലായിരുന്നു ചുവപ്പ് നിറത്തിൽ ‘കെ.എസ്.മെമ്മോറിയൽ ഗേറ്റ്, സി.പി.ഐ.എം ബാഡൂർ ലോക്കൽ കമ്മിറ്റി’ എന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ നടപടി വിവാദമായതോടെ പാർട്ടി നേതൃത്വം തന്നെ ഇടപെട്ട് കഴിഞ്ഞ ദിവസം രാത്രിയോടെ എഴുത്തുകൾ മായ്ച്ചു കളയുകയായിരുന്നു.
ഈ വിഷയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന ഡിവിഷനെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അംഗം ജെ.എസ്.സോമശേഖര ആണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ വിഷയം ശക്തമായി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, എൽ.ഡി.എഫ് അംഗങ്ങൾ സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചത് സഭയിൽ വാക്കേറ്റത്തിന് കാരണമായി.
പാർട്ടി നൽകിയ വിശദീകരണം പ്രകാരം, വർഷങ്ങൾക്ക് മുൻപ് ബാഡൂർ ലോക്കൽ കമ്മിറ്റി കമാനം നിർമിച്ചു നൽകിയിരുന്നുവെന്നും റോഡ് നവീകരണത്തിന്റെ ഭാഗമായി മൂന്നരലക്ഷം രൂപ ചെലവിൽ കമാനം മാറ്റി സ്ഥാപിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്. വിഷയത്തിൽ കോൺഗ്രസ് അംഗം ജെ.എസ്.സോമശേഖര വിദ്യാഭ്യാസ മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് വിവാദം ഒഴിവാക്കുന്നതിനായി പാർട്ടി നേതൃത്വം അടിയന്തര ഇടപെടൽ നടത്തി പേര് നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

