കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഫറോക്ക് സ്വദേശിയായ 43 വയസ്സുകാരനാണ് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.
നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരുന്ന സൂനോട്ടിക് വിഭാഗത്തിൽപ്പെട്ട വൈറസാണ് നിപ്പ.
40 മുതൽ 75 ശതമാനം വരെ ഉയർന്ന മരണനിരക്കുള്ള രോഗമാണിത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണയായി 5 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പനിയാണ് നിപ്പയുടെ പ്രാരംഭ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. തുടർന്ന് ശക്തമായ പനി, തലവേദന, ദേഹവേദന, തൊണ്ടവേദന, ഛർദ്ദി എന്നിവ അനുഭവപ്പെടാം.
ചുമ, വയറുവേദന, മനംപിരട്ടൽ, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ചില രോഗികളിൽ കണ്ടുവരാറുണ്ട്. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരിലേക്ക് അസുഖം പകരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങൾ, വവ്വാൽ കടിച്ച പഴങ്ങൾ എന്നിവ കഴിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകാം. പ്രതിരോധ നടപടികളുടെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക:
– മാസ്കുകൾ കൃത്യമായി ധരിക്കുക, വായയും മുഖവും പൂർണ്ണമായി മറയ്ക്കുക.
– സാമൂഹിക അകലം പാലിക്കുക.
– സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ ശുചിയാക്കുക.
– രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും നിശ്ചിത അകലം പാലിക്കുകയും ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

