രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ടീബാഗുകളിൽ ആരോഗ്യത്തിന് ഹാനികരമായ **എപ്പിക്ലോറോഹൈഡ്രിൻ** എന്ന രാസവസ്തു ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. ചായപ്പൊടി, ഗ്രീൻ ടീ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി **ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്)** ആണ് സുപ്രധാനമായ ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തുവാണ് എപ്പിക്ലോറോഹൈഡ്രിൻ. ടീബാഗുകൾ വെളുപ്പിക്കുന്നതിനും (ബ്ലീച്ച്) മറ്റ് പ്രക്രിയകൾക്കുമായാണ് ഈ രാസവസ്തു മുൻപ് ഉപയോഗിച്ചിരുന്നത്.
ഇതിനെതിരെ ഉയർന്നുവന്ന പരാതികളെത്തുടർന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വിഷയത്തിൽ ഇടപെടുകയായിരുന്നു. പുതിയ മാർഗനിർദേശങ്ങളുടെ പ്രധാന വശങ്ങൾ: ടീബാഗ് നിർമാണത്തിൽ മരം, മുള എന്നിവയിൽ നിന്നുള്ള ശുദ്ധമായ പൾപ്പ് (വെർജിൻ പൾപ്പ്) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഇതിന്റെ ബലം വർധിപ്പിക്കാൻ വാഴനാരുകൾ ഉപയോഗിക്കാം. എന്നാൽ, മൈക്രോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള നിർമാണത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി.
ടീബാഗുകളെ ടാഗുമായി ബന്ധിപ്പിക്കുന്ന നൂലുകൾ പരുത്തി കൊണ്ടുമാത്രം നിർമിച്ചവയായിരിക്കണം. കൂടാതെ, ടാഗുകളിൽ രേഖപ്പെടുത്തുന്ന മഷി ഫുഡ് പാക്കേജിങ് ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.
ഉപഭോക്തൃ സുരക്ഷയും ലേബലിങ്ങും: ഓരോ ടീബാഗിലും അടങ്ങിയിരിക്കേണ്ട ചായപ്പൊടിയുടെ അളവിൽ കൃത്യത വരുത്തിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്നവയിൽ ഒന്ന് മുതൽ നാല് ഗ്രാം വരെയും, ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വലിയ ടീബാഗുകളിൽ നാല് മുതൽ 25 ഗ്രാം വരെയും തേയില ഉണ്ടായിരിക്കണം. നിർമാതാവിന്റെ പേര്, വിലാസം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി എന്നിവ ലേബലിൽ നിർബന്ധമായും രേഖപ്പെടുത്തണം.
മൈഗ്രേഷൻ പരിശോധന: ചായ നിർമിക്കുന്ന വേളയിൽ ടീബാഗ് പേപ്പർ, നൂൽ, ടാഗ് എന്നിവയിൽ നിന്ന് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങൾ വെള്ളത്തിലേക്ക് കലരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ‘മൈഗ്രേഷൻ പരിശോധന’ പാസായിരിക്കണം എന്ന നിബന്ധനയും ബിഐഎസ് നിർബന്ധമാക്കിയിട്ടുണ്ട്. വിമാനങ്ങൾ, ഹോട്ടലുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലടക്കം ഉപയോഗിക്കുന്ന ടീബാഗുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഈ നടപടികൾ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

