സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നവീകരണത്തിനായി പരമാവധി ഫണ്ടുകൾ വിനിയോഗിക്കുമെന്നും, ഈ രംഗത്തെ പരാതികൾ പരമാവധി കുറയ്ക്കുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികളുടെ വികസനത്തിനായി മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണത്തിനും മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനുമായി സി.എസ്.ആർ ഫണ്ടുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
ഇത്തരം പ്രവർത്തനങ്ങളെ സ്വകാര്യവൽക്കരണമായി തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രി കെട്ടിടങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അപകടാവസ്ഥയിലുള്ള ആശുപത്രി കെട്ടിടങ്ങൾ കണ്ടെത്തി അടിയന്തര പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുടിശിക കാരണം ജീവൻരക്ഷാ ഉപകരണങ്ങളുടെ വിതരണം കമ്പനികൾ നിർത്തിവെച്ചതും, മരുന്നുകളുടെ ലഭ്യതക്കുറവും ഗൗരവത്തോടെ കാണുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ളവയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ മാത്രമേ മെഡിക്കൽ കോളജുകളിലെ തിരക്കും പ്രതിസന്ധികളും ലഘൂകരിക്കാനാകൂ.
എം.പിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടുകൾ ആരോഗ്യ മേഖലയിൽ ചെലവിടുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചികിത്സാ പിഴവുകൾ സംബന്ധിച്ച പരാതികളിൽ കൃത്യമായ പരിശോധനയ്ക്കും റിപ്പോർട്ടുകൾക്കും ശേഷമേ നടപടിയെടുക്കുകയുള്ളൂ.
കിഫ്ബി പദ്ധതികളിൽ പൂർത്തീകരിക്കാനുള്ളവ സമയബന്ധിതമായി തീർക്കും. ഷാഫി പറമ്പിൽ എം.പി ഉന്നയിച്ച ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്നും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
കെ.ജയന്ത് എം.എൽ.എ അധ്യക്ഷനായി. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ.പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, എം.എ.
റസാഖ്, വിദ്യാ ബാലകൃഷ്ണൻ, കെ.എം.അഭിജിത്ത്, വി.ടി.സൂരജ്, സി.കെ.കാസിം, വി.കെ.ഫൈസൽ ബാബു, ഫാത്തിമ തഹ്ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി, കൗൺസിലർ സഫറി വെള്ളയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.
കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.
കെ.വി. വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ.
കെ.എസ്.പ്രിയ, ഹോമിയോ ഡയറക്ടർ ഡോ. എം.പി.
ബീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

