കർണാടകയിലെ ദാവൺഗരെയിൽ 41കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെയാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് വിധേയയാക്കിയത്.
ചന്നഗിരി താലൂക്കിലെ യലോദഹള്ളിയിൽ വെച്ചാണ് സംഭവം നടന്നത്. യുവതിയെ സഹായിക്കാമെന്ന വ്യാജേന സമീപിച്ച സംഘം, ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ബോധരഹിതയാക്കുകയായിരുന്നു.
അബോധാവസ്ഥയിലായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും, തുടർന്ന് മറ്റ് പ്രതികളെയും വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഇത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവശേഷം ബോധം വീണ്ടെടുത്ത യുവതി സഹോദരന്റെ വീട്ടിലെത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് ബസവപട്ടണ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അറസ്റ്റിലായവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികൾ പിടിയിലായ വിവരം അറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധിച്ചു.
പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകി. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

