സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് തുടക്കം കുറിച്ചുകൊണ്ട്, കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകൾ ചങ്ങലയിട്ട് ബന്ധിച്ച് ഇന്ന് അർധരാത്രി പൂട്ടും. മത്സ്യബന്ധന മേഖലയിൽ നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതീകാത്മകമായ ചടങ്ങയാണിത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കൈവശമുള്ള പൂട്ടുപയോഗിച്ചാണ് ഈ നടപടി. സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ മാത്രമാണ് ഇത്തരമൊരു രീതി പിന്തുടരുന്നത്.
ഇതിന് മുന്നോടിയായി അഷ്ടമുടിക്കായലിലേക്ക് മുഴുവൻ ബോട്ടുകളും മാറ്റിയിട്ടുണ്ട്. വരും 52 ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകൾ കടലിൽ ഇറങ്ങാൻ പാടില്ല.
ജില്ലാ കലക്ടർ ആനി ജൂല തോമസ് നൽകിയ നിർദേശപ്രകാരം, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ നിരോധനം തുടങ്ങുന്നതിന് മുൻപായി തീരം വിടേണ്ടതാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഭൂരിഭാഗം ബോട്ടുകളും മടങ്ങിയെത്തിക്കഴിഞ്ഞു.
ഇന്ന് ഉച്ചയോടെ ബാക്കിയുള്ളവയും തിരിച്ചെത്തും. ഇവർക്ക് മത്സ്യവിപണനത്തിനായി ശക്തികുളങ്ങര ഹാർബർ അധികദിവസങ്ങൾ തുറന്നുനൽകും.
ജൂലൈ 31 അർധരാത്രി വരെയാണ് ഈ നിരോധന കാലാവധി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിപണനത്തിനായി വാടി, പോർട്ട് കൊല്ലം, നീണ്ടകര ഹാർബറുകൾ പ്രവർത്തിക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ കേന്ദ്രീകരിച്ച് മൂന്ന് രക്ഷാപ്രവർത്തന ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവർക്കൊപ്പം 10 സീ റെസ്ക്യു അംഗങ്ങളെയും 12 ലൈഫ് ഗാർഡുമാരെയും ഇതിനായി വിന്യസിച്ചിട്ടുണ്ട്.
പരവൂർ മുതൽ അഴീക്കൽ വരെയുള്ള പ്രദേശങ്ങളിൽ ഉച്ചഭാഷിണിയിലൂടെ നിരോധന വിവരങ്ങൾ ജനങ്ങളിലെത്തിക്കും. ഹാർബറുകളിൽ കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തും.
ക്ഷേമനിധിയിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ ജീവനക്കാർക്കും സൗജന്യ റേഷൻ ലഭ്യമാക്കും. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ എന്നിവിടങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകൾ നങ്കൂരമിടുന്നതും സഞ്ചരിക്കുന്നതും കർശനമായി നിരോധിച്ചു.
ഇൻബോർഡ് എൻജിൻ ബോട്ടുകൾ ഒഴികെയുള്ള പരമ്പരാഗത ബോട്ടുകൾക്ക് നീണ്ടകര ഹാർബർ വഴി പ്രവർത്തിക്കാം. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള സ്വകാര്യ ജെട്ടികളിലും വോർഫുകളിലും യന്ത്ര ബോട്ടുകൾക്ക് സൗകര്യം നൽകാൻ പാടില്ല.
നിരോധനം ലംഘിക്കുന്നത് തടയാൻ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ മുഴുവൻ മറൈൻ ഇന്ധന പമ്പുകളും ഇന്ന് അർധരാത്രി മുതൽ ജൂലൈ 28 വരെ അടച്ചിടും. നിരോധനം അവസാനിക്കുന്നതിന് മൂന്നുദിവസം മുൻപ് ഇന്ധനം നിറയ്ക്കാൻ ബോട്ടുകൾക്ക് ഇളവ് ലഭിക്കും.
മുൻകൂർ അനുമതിയില്ലാതെ കുപ്പികളിലോ കാനുകളിലോ ഇന്ധനം നൽകരുതെന്ന് പമ്പ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ മേൽനോട്ടം ജില്ലാ സപ്ലൈ ഓഫിസർ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

