ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ചേരുന്നു. യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും ജനാധിപത്യവിരുദ്ധമായ ഭരണരീതികൾക്കുമെതിരെ യോജിച്ചുള്ള പ്രതിഷേധം ആസൂത്രണം ചെയ്യുന്നതിനാണ് സഖ്യം ഒത്തുചേരുന്നത്. ചില കക്ഷികൾക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെങ്കിലും, സഖ്യത്തിന്റെ നിലപാടുകൾക്ക് അവർ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യാ സഖ്യത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ യോഗത്തിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കേരളത്തിൽ നടത്തിയ പ്രസംഗങ്ങൾ സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. “സിപിഎം- ബിജെപി ഡീൽ” എന്നും, പിണറായി വിജയൻ മോദിയുമായി ധാരണയുണ്ടാക്കി എന്നും, പിണറായി വിജയനെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നും അടക്കമുള്ള ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിച്ചിരുന്നു.
ഈ വിഷയത്തിലുള്ള കടുത്ത അതൃപ്തി സിപിഎം ജനറൽ സെക്രട്ടറി കോൺഗ്രസ് അധ്യക്ഷന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷികളും അതൃപ്തിയിലാണ്.
ജാർഖണ്ഡിലെ രാജ്യസഭാ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്താൻ ജെഎംഎം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഡിഎംകെയും സഖ്യവുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യമാണുള്ളത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതിനകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഘടകകക്ഷികളുടെ ഭാഗത്തുനിന്നുള്ള കടുത്ത വിമർശനങ്ങളെ സഖ്യം എങ്ങനെ നേരിടും എന്നത് വരും മണിക്കൂറുകളിൽ നിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

