യുഎഇയിൽ കഠിനമായ വേനൽക്കാലം കണക്കിലെടുത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം ഏർപ്പെടുത്തുന്നു. ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി 2004-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഔദ്യോഗികമായി ‘ഒക്യുപേഷണൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി’ എന്ന് അറിയപ്പെടുന്ന ഈ നിയന്ത്രണം കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക.
ഒന്നിലധികം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കമ്പനിക്ക് പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
വസന്തകാലത്തെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് ശേഷം രാജ്യം ഇപ്പോൾ കടുത്ത ചൂടിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇയുടെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യത്തിലാണ് തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ മന്ത്രാലയം കർശനമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

