കുമളിയിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട. ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.
അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ, കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ്, അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തുഫാൻ എന്ന പേരിൽ പൊലീസ് നടത്തിവരുന്ന ലഹരി വിരുദ്ധ പരിശോധനയുടെ ഭാഗമായാണ് പ്രതികൾ വലയിലായത്. കൊല്ലംപട്ടട
ഭാഗത്ത് വെച്ച് ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പ്രതികളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പെരുമ്പാവൂരിൽ നിന്ന് എത്തിച്ച കഞ്ചാവ് എബിൻന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് സ്റ്റേഷനിൽ ഇതിനോടകം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇടുക്കി എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്തും പൊലീസ് പരിശോധന നടത്തി. ആൺകുട്ടികളുടെ ഹോസ്റ്റലിന് പിൻഭാഗത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ ഇടുക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

