ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യക്ക് കരുത്തുറ്റ ബാറ്റിംഗ് പ്രകടനം. മുല്ലാന്പൂരില് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ, കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 368 റൺസ് എന്ന മികച്ച നിലയിലാണ്.
സെഞ്ചുറികൾ നേടിയ കെ എൽ രാഹുൽ (100), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (പുറത്താവാതെ 103) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നത്. ഇന്നിംഗ്സ് തുടക്കത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം 41 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ രാഹുലിന് സാധിച്ചു.
ജയ്സ്വാൾ പുറത്തായ ശേഷം ക്രീസിൽ ഒത്തുചേർന്ന കെ എൽ രാഹുൽ – സായ് സുദർശൻ സഖ്യം 139 റൺസ് കൂട്ടിച്ചേർത്ത് ടീമിന് അടിത്തറയൊരുക്കി. 81 റൺസെടുത്ത സായ് സുദർശൻ, അഫ്ഗാൻ ബൗളർ മുഹമ്മദ് സലീം സെയ്ഫിക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്.
13 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു സായ് സുദർശന്റെ ഇന്നിംഗ്സ്. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കെ എൽ രാഹുൽ പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്ത് (പുറത്താവാതെ 50) ഗില്ലിനൊപ്പം ചേർന്ന് മികച്ച രീതിയിൽ സ്കോർ ഉയർത്തി.
ശുഭ്മാൻ ഗില്ലും റിഷഭ് പന്തും തമ്മിലുള്ള കൂട്ടുകെട്ട് ഇതിനകം 121 റൺസ് കടന്നിട്ടുണ്ട്. ഒരു സിക്സും 11 ഫോറും ഉൾപ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ് എങ്കിൽ, പന്ത് മൂന്ന് സിക്സുകളും രണ്ട് ഫോറുകളുമായി ആക്രമിച്ച് കളിക്കുകയാണ്.
അഫ്ഗാനായി മുഹമ്മദ് സലീം സെയ്ഫി രണ്ട് വിക്കറ്റുകൾ നേടി. ഈ മത്സരത്തിലൂടെ മാനവ് സുതർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
സ്പിൻ നിരയിൽ വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചപ്പോൾ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ, വാഷിംഗ്ടൺ സുന്ദർ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സെദിഖുള്ള അടൽ, റഹ്മാനുള്ള ഗുർബാസ്, അബ്ദുൾ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അഫ്സർ സസായ് (വിക്കറ്റ് കീപ്പർ), അസ്മത്തുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്റഫ്, നംഗേലിയ ഖരോട്ടെ, സിയാവുർ റഹ്മാൻ ശരീഫി, മുഹമ്മദ് സലീം സാഫി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

