ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ടും നോർവേ ടീമംഗങ്ങളും നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നോർവേയുടെ ചരിത്രപരമായ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ‘വൈക്കിംഗ്’ യോദ്ധാക്കളുടെ വേഷമണിഞ്ഞായിരുന്നു താരങ്ങൾ ക്യാമറയ്ക്ക് മുന്നിലെത്തിയത്.
അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഓസ്ലോയിലെ തീരപ്രദേശത്ത് വെച്ചായിരുന്നു ചിത്രീകരണം. പ്രശസ്ത സ്കോട്ടിഷ് ഫോട്ടോഗ്രാഫർ ഡേവിഡ് യാരോ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.
കൈകളിൽ പരിചയും വില്ലും മഴുവും ഏന്തി, പശ്ചാത്തലത്തിൽ വൈക്കിംഗ് കപ്പലുകളുമായി നിൽക്കുന്ന കളിക്കാരുടെ ചിത്രങ്ങൾ നോർവേ ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ഇത്തരം ചിത്രങ്ങൾ വംശീയ അധിക്ഷേപങ്ങൾക്കും ‘നവ നാസി’ ആശയങ്ങൾക്കും പരോക്ഷമായ പിന്തുണ നൽകുന്നുണ്ടെന്ന് ചില സാമൂഹിക-രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു.
വിവാദത്തിന്റെ പ്രധാന കാരണങ്ങൾ:
യൂറോപ്പിന്റെ ചരിത്രത്തിൽ കൊള്ളയ്ക്കും അധിനിവേശത്തിനും പേരുകേട്ട വൈക്കിംഗുകളുടെ സംസ്കാരത്തെ കായിക താരങ്ങൾ മഹത്വവൽക്കരിക്കുന്നത് ഉചിതമല്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഈ ചിത്രങ്ങൾ തീവ്ര ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സമൂഹത്തിലെ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്നതിന് ഇത് കാരണമാകുമെന്നും മാധ്യമപ്രവർത്തകൻ മാർക്കസ് സ്ലെത്തോം അഭിപ്രായപ്പെട്ടു. ഏകദേശം ഒരു ദശാബ്ദം മുൻപ് യൂറോപ്പിലെ ‘നവ നാസികൾ’ ഉയർത്തിപ്പിടിച്ചിരുന്ന ചിന്താഗതികളുമായി ഈ ദൃശ്യങ്ങൾക്ക് സാമ്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ, നോർവേയുടെ ലോകകപ്പ് ജേഴ്സിയിലെ ചിഹ്നങ്ങൾ ഫാസിസ്റ്റ്-നവനാസി പ്രസ്ഥാനങ്ങളുടെ പ്രതീകാത്മക ഭാഷയ്ക്ക് സമാനമാണെന്ന ഗവേഷക ജെയ്ൻ ഹോഗ് സ്ക്ജോൾഡ്ലിയുടെ പഴയ നിരീക്ഷണങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. വിവാദങ്ങൾ ശക്തമായതോടെ, വാർത്താ സമ്മേളനത്തിൽ നോർവേ കോച്ച് സ്റ്റാലെ സോൽബാക്കനോട് മാധ്യമങ്ങൾ ഇതുസംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. “ലോകത്ത് ഇതിലും വലുതും ഗൗരവമേറിയതുമായ ഒട്ടനവധി പ്രശ്നങ്ങളുണ്ട്.
ഇത്തരം കാര്യങ്ങൾക്കായി സമയം കളയാൻ എനിക്ക് സൗകര്യമില്ല” എന്നായിരുന്നു കോച്ചിന്റെ മറുപടി. അതേസമയം, നോർവേ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഈ ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്നതാണ് ഈ ഫോട്ടോഷൂട്ടെന്നും, ടീമിന്റെ ഒത്തൊരുമയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ഫ്രാൻസ്, സെനഗൽ, ഇറാഖ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണ നോർവേ മത്സരിക്കുന്നത്.
ഏർലിംഗ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരടങ്ങുന്ന ടീമിൽ വലിയ പ്രതീക്ഷയാണ് ആരാധകർ അർപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

