തിരുവനന്തപുരം വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് മണിയോടെ വിഴിഞ്ഞം റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.
കിടാരക്കുഴി സ്വദേശി അഭിലാഷ്, ഇദ്ദേഹത്തിൻ്റെ ഭാര്യ, ഭാര്യയുടെ സഹോദരൻ എന്നിവർ സഞ്ചരിച്ച മാരുതി ഇഗ്നീസ് കാറിന് മുകളിലേക്കാണ് മരം വീണത്. മരം റോഡിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പായി കാറിന് മുന്നിലൂടെ കടന്നുപോയ സ്കൂട്ടർ യാത്രക്കാരി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
തിരക്കേറിയ റോഡിൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് സംഭവം നടന്നതെങ്കിലും വൻ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ പുറത്തിറങ്ങിയത് ആശ്വാസമായി.
വിവരമറിഞ്ഞയുടൻ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മരം മുറിച്ചുമാറ്റുകയും കാർ പുറത്തെടുക്കുകയും ചെയ്തു.
തുടർന്ന് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ഗ്രേഡ് എഎസ്ടിഒ ശിവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്, ബിജു, സന്തോഷ് കുമാർ, സാജൻ, രഹിൽ, ശ്യാം ധരൻ, അരുൺ മോഹൻ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

