ഇന്ത്യൻ ഇന്ധന വിപണിയിൽ നിർണായകമായ ചുവടുവെപ്പുമായി എഥനോൾ മിശ്രിത ഇന്ധനമായ ഇ85 (E85) അവതരിപ്പിക്കുന്നു. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേർന്ന മിശ്രിതമാണ് ഇത്.
സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ഈ ഇന്ധനം ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹി പുസ റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിൽ രാജ്യത്തെ ആദ്യത്തെ ഇ85 വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും.
ഈ ഇന്ധനത്തിന്റെ വില വിവരങ്ങൾ ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. പ്രത്യേകമായി രൂപകൽപന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
ഇതിനായുള്ള കരട് നിയമങ്ങൾ സർക്കാർ ഉടൻ വിജ്ഞാപനം ചെയ്യും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡൽഹി-എൻസിആർ, മുംബൈ-പുണെ-നാഗ്പുർ മേഖലകളിൽ 100 വിതരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും.
ഡിസംബറോടെ ഇത് 500 ആയും, 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5,000 കേന്ദ്രങ്ങളായും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാരുതി സുസുക്കിയുടെ വാഗൺആർ ഫ്ലെക്സ് ഫ്യുവൽ കാറിനു പുറമേ, ഹീറോ മോട്ടോകോർപ്പിന്റെ ഫ്ലക്സ് ഫ്യൂവൽ ബൈക്കുകളും വിപണിയിൽ ലഭ്യമാണ്.
ഡീസൽ ഉപയോഗത്തിലും പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾ വരുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണ്.
എഥനോളിനെ അപേക്ഷിച്ച് ഉയർന്ന ഊർജക്ഷമതയുള്ള ഐസോബ്യൂട്ടനോൾ എൻജിനുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ബയോ-ഡീസൽ, ഹൈഡ്രജൻ-സിഎൻജി തുടങ്ങിയ ഇതര ഇന്ധനങ്ങളുടെ പ്രോത്സാഹനത്തിനായി ഗതാഗത മന്ത്രാലയം ചട്ടങ്ങളിൽ ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

