ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോളിനെ (49) വസുന്ധര എൻക്ലേവിലെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതിനാലും ശരീരത്തിലെ മുറിവുകളും കണക്കിലെടുത്ത് ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
സംഭവം പുറത്തറിയുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-ഓടെയാണ്. ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഫോൺ കോളിലൂടെയാണ് വിവരം പുറത്തുവരുന്നത്.
അധ്യാപികയുടെ സഹോദരിയായ ദേവാരതി പോൾ ആണ് മൃതദേഹം ആദ്യം കണ്ടത്. രാവിലെ മുതൽ ദേവോസ്മിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
തുടർന്ന് ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരി, സംശയം തോന്നി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ അധ്യാപികയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ടുള്ള ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു.
ഭർത്താവ് ബെംഗളൂരുവിലായതിനാൽ ദേവോസ്മിത ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീട്ടിൽ നിന്ന് പണമോ സ്വർണാഭരണങ്ങളോ നഷ്ടപ്പെടാത്തതിനാൽ മോഷണമല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ബിഎൻഎസിലെ 103 (1) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ രൂക്ഷവിമർശനവുമായി എഎപി രംഗത്തെത്തി. ദില്ലിയിലെ ക്രമസമാധാനനില തകർന്നുവെന്നും, ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം അക്രമങ്ങൾ വർദ്ധിച്ചുവെന്നും എഎപി എംഎൽഎ കുൽദീപ് കുമാർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

