സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് എന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ശേഖരം നശിപ്പിച്ചു. ഇന്നലെ രാവിലെ 11:00 മണിയോടെയാണ് പാലിയേക്കരയ്ക്ക് സമീപമുള്ള ചിറ്റിശേരിയിലെ ചൂളയിൽ വെച്ച് ലഹരിവസ്തുക്കൾ അഗ്നിക്കിരയാക്കിയത്.
തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി ഇവ നശിപ്പിച്ചത്. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നും പിടിച്ചെടുത്തവയിൽ 57.36 കിലോ കഞ്ചാവ്, 134.1 ഗ്രാം മെത്താഫിറ്റമിൻ, 389.34 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡികൾ, കൂടാതെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ സുപ്രധാന ലഹരിവിരുദ്ധ നടപടികൾക്ക് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐപിഎസ് നേതൃത്വം നൽകി.
നാർക്കോട്ടിക് സെൽ എസിപി ഷിബു പി, എഎസ്ഐ സനീഷ് ബാബു, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിഫാന, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ശിവ എന്നിവരും നടപടിക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തു. ലഹരിയുടെ വിപണനവും കടത്തും തടയുന്നതിനായി സിറ്റി പോലീസ് പരിധിയിൽ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

