2,96,79,715 രൂപ ചെലവിൽ വിതുര താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ ബഹുനില കെട്ടിടം അനിശ്ചിതത്വത്തിൽ. വൈദ്യുതീകരണ ജോലികൾ പൂർത്തിയാകാത്തതും മാലിന്യ നിർമാർജന സംവിധാനങ്ങൾ ഇല്ലാത്തതും കാരണം കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചില്ല.
ഇതിനാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കെട്ടിടം രോഗികൾക്കായി തുറന്നുകൊടുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ 2018–19 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം ആരംഭിച്ചത്.
അന്ന് ഡിവിഷൻ അംഗമായിരുന്ന വി.കെ.മധുവിന്റെ ഇടപെടലിലൂടെയാണ് ഈ പദ്ധതി വിതുരയിൽ യാഥാർത്ഥ്യമാക്കാൻ സാധിച്ചത്. കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് വലിയ ആഘോഷത്തോടെയായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നാൽ ഏഴ് വർഷത്തോളമാണ് കെട്ടിടത്തിന്റെ പണി നീണ്ടുപോയത്. തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മന്ത്രി വീണ ജോർജ് കെട്ടിടം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന വേളയിൽ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഫർണിച്ചറുകൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനവും പാഴായി.
വൈദ്യുതീകരണത്തിന് മൂന്ന് ലക്ഷം രൂപ ആവശ്യമാണ്
കെട്ടിടത്തിന്റെ വിപുലമായ സൗകര്യങ്ങൾക്കും അത്യാധുനിക ഉപകരണങ്ങൾക്കും ആവശ്യമായ അധിക ലോഡ് ലഭിക്കുന്നതിന് കെഎസ്ഇബി കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ മൂന്ന് ലക്ഷം രൂപയോളം അധികമായി ചെലവാകും.
ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു വ്യക്തമാക്കി. ഐപി വാർഡ് പ്രതിസന്ധിയിൽ
പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാണെന്ന ധാരണയിൽ പഴയ ബഹുനില കെട്ടിടം അധികൃതർ അടച്ചുപൂട്ടിയിരുന്നു.
ഐപി വാർഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ പുതിയ കെട്ടിടം പ്രവർത്തനരഹിതമായതോടെ ഐപി വാർഡ് ഇപ്പോൾ സ്ഥലപരിമിതി മൂലം വലയുകയാണ്.
നിലവിൽ കാഷ്വാലിറ്റിക്കു സമീപമുള്ള നിരീക്ഷണ വാർഡിനോട് ചേർന്നാണ് ഐപി വാർഡ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടം നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പദ്ധതി ഉടൻ പൂർത്തിയാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

