പത്തനംതിട്ടയിൽ നിന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ സർക്കാരിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉയർന്നുവന്ന ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്.
“ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നടപടി സ്വജനപക്ഷപാതമാണെന്നും, മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. ഈ നിയമനം ഉടൻ പിൻവലിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ പരസ്യമായി പിന്തുണച്ചിരുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ് എന്നത് ശ്രദ്ധേയമാണ്. മറുഭാഗത്ത്, പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ശക്തമായി ഉന്നയിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് സഭയിൽ വിഷയം അവതരിപ്പിച്ചത്. ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു ബന്ധുനിയമനവും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ഇത്തരം ആരോപണങ്ങളോട് മന്ത്രി സണ്ണി ജോസഫ് മൗനം പാലിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ചടങ്ങുകളിൽ പങ്കെടുക്കാൻ പുറത്തുപോയ സാഹചര്യത്തിൽ പാർലമെന്ററികാര്യ മന്ത്രിയാണ് സഭയിൽ മറുപടി നൽകിയത്.
എന്നാൽ ബന്ധുനിയമനത്തെക്കുറിച്ച് മന്ത്രി സണ്ണി ജോസഫ് യാതൊരു വിശദീകരണവും നൽകിയില്ല. മുൻകാലങ്ങളിൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളെ രൂക്ഷമായി വിമർശിച്ച യുഡിഎഫ് ഇപ്പോൾ അതേ പാത പിന്തുടരുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

