കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4470-80 ഡോളർ എന്ന നിലവാരത്തിൽ സ്ഥിരത പുലർത്തുന്നതാണ് സംസ്ഥാനത്തെ വിപണിയേയും സ്വാധീനിക്കുന്നത്.
അതേസമയം, ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രൂഡോയിൽ വിലയിലുണ്ടായ വർധന സാമ്പത്തിക രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പ്രവണത തുടരുകയാണെങ്കിൽ പണപ്പെരുപ്പം വർധിക്കാനും ഡോളർ കരുത്താർജ്ജിക്കാനും സാധ്യതയുണ്ട്.
ഇത്തരം ഘടകങ്ങൾ ഭാവിയിൽ സ്വർണവിലയിൽ ഇടിവുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലുമുണ്ട്. സംസ്ഥാനത്തെ നിലവിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:
ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയും, ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയുമാണ് നിലവിലെ നിരക്ക്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 11,830 രൂപയും, വെള്ളി ഗ്രാമിന് 280 രൂപയുമാണ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിരക്ക് പ്രകാരം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,765 രൂപയും വെള്ളിക്ക് 280 രൂപയുമാണ് വില ഈടാക്കുന്നത്.
ആഗോളതലത്തിൽ സ്വർണം നിർണായകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുഎസ് ട്രഷറിയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ആസ്തിയായി സ്വർണം മാറി.
യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മൊത്തം ആസ്തിയുടെ 27 ശതമാനവും ഇപ്പോൾ സ്വർണമാണ്. യുഎസ് ട്രഷറി 22 ശതമാനവും, യൂറോ 15 ശതമാനവും വിഹിതം കൈയ്യാളുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വ്യാപാരയുദ്ധങ്ങൾ എന്നിവയ്ക്കിടയിൽ നിക്ഷേപകർക്ക് ഏറ്റവും സുരക്ഷിതമായ മാർഗമായി സ്വർണം മാറിയതാണ് ഈ നേട്ടത്തിന് പിന്നിൽ. വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർധിപ്പിക്കാൻ പോളണ്ട്, കസാക്കിസ്ഥാൻ, ബ്രസീൽ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിലവർധനവാണ് സ്വർണത്തിന്റെ ആസ്തി മൂല്യം ഇത്രയധികം ഉയർത്താൻ കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024-ൽ ഏകദേശം 30 ശതമാനവും, 2025-ൽ 60 ശതമാനവും വില വർധനവാണ് സ്വർണം രേഖപ്പെടുത്തിയത്.
2023-ൽ ആഗോള ആസ്തി മൂല്യത്തിൽ 16 ശതമാനമായിരുന്ന സ്വർണത്തിന്റെ വിഹിതം, 2024-ൽ 20 ശതമാനമായും 2025-ൽ 27 ശതമാനമായും ഉയർന്നു. ഇതേ കാലയളവിൽ യുഎസ് ട്രഷറി നിക്ഷേപം 26 ശതമാനത്തിൽ നിന്ന് 22 ശതമാനമായും, യൂറോയുടെ വിഹിതം 16 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറയുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

