മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിൽ ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വിവാദം. പഞ്ചായത്തിലെ കാരപറമ്പിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് ചട്ടങ്ങൾ ലംഘിച്ച് പെൻഷൻ വിതരണം നടത്തിയെന്നാണ് സിപിഐഎം ഉന്നയിക്കുന്ന പ്രധാന ആരോപണം.
പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് തുക കൈമാറിയതെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികളെന്നും ആരോപണമുണ്ട്.
പെൻഷൻ വിതരണത്തിന്റെ ഔദ്യോഗിക ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ് നൽകിയിട്ടുള്ളത്. സംഭവത്തിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
പെൻഷൻ വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്ന കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതെന്നാണ് ബാങ്ക് അധികൃതരുടെ വാദം. കൂടാതെ, നിലവിൽ ഉപയോഗിക്കുന്ന കെട്ടിടം ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫീസല്ലെന്നും അവർ വ്യക്തമാക്കി.
ഇന്ന് വൈകുന്നേരമാണ് വിവാദമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പെൻഷൻ വിതരണം സംബന്ധിച്ച് പുൽപറ്റ പഞ്ചായത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നേരത്തെ തന്നെ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അർഹരായവർ കൃത്യസമയത്ത് എത്തണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് വിതരണം നടന്നതെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

