വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷയും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതും ലക്ഷ്യമിട്ട് താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം എസ് മാധവിക്കുട്ടി ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രി ടി സിദ്ദിഖ്, സി കെ കാസിം എം എൽ എ, കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ, രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയുള്ള സമയങ്ങളിൽ രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങിയ വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള യാത്ര നിരോധിച്ചു.
കാലവർഷം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിലേക്ക് യാത്ര ചെയ്യുന്ന ഇത്തരം ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് നിർദേശമുണ്ട്.
കെഎസ്ആർടിസി ബസുകൾ, ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, അടിയന്തര സേവന വിഭാഗങ്ങൾ, സർക്കാർ-സായുധ സേനാ വാഹനങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി.
അടിവാരം, ലക്കിടി എന്നീ ഭാഗങ്ങളിൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കും.
കൂടാതെ, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനും, റോഡ് നിരീക്ഷണത്തിന് പൊതുമരാമത്ത് വകുപ്പിനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ സബ് കളക്ടർ എസ് ഗൗതം രാജ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

