കറുകച്ചാൽ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റണമെന്ന നിയമം കെഎസ്ആർടിസിയിൽ കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. നിലവിൽ കെഎസ്ആർടിസിയുടെ 1,117 ബസുകൾക്കും, വർക്ക് ഷോപ്പ് വാനുകൾ, ജീപ്പുകൾ, ടാങ്കറുകൾ ഉൾപ്പെടെയുള്ള 153 അനുബന്ധ വാഹനങ്ങൾക്കുമായി നൽകിയിരുന്ന കാലാവധി ദീർഘിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ഈ വാഹനങ്ങളുടെ കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം, 15 വർഷം പൂർത്തിയായ ആകെ 2,014 ബസുകളാണ് കോർപ്പറേഷന്റെ പക്കലുള്ളത്.
കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയമനുസരിച്ച് ഇത്തരം വാഹനങ്ങൾ റോഡിൽ നിന്ന് പിൻവലിക്കണമെന്ന നിർദേശം നിലവിലുണ്ട്. എന്നാൽ, പുതിയ ബസുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക പരാധീനതകൾ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഇതുവരെ കാലാവധി നീട്ടി നൽകിയിരുന്നത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 15 വർഷം പിന്നിട്ട വാഹനങ്ങളുടെ ഷാസി, ബ്രേക്ക്, സസ്പെൻഷൻ എന്നിവയുടെ ബലക്ഷയം കണക്കിലെടുത്ത് കേന്ദ്രനിയമം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നിബന്ധനകൾ പ്രകാരം, 15 വർഷം കഴിഞ്ഞ പൊതുഗതാഗത ബസുകൾക്ക് സർവീസ് തുടരണമെങ്കിൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും, ആവശ്യമായ ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയാക്കി ബസുകൾ ഓടിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

