വയനാട് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
പ്രധാന തീരുമാനങ്ങൾ: ജില്ലയിൽ മഴ മാപിനികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമായി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ടി വന്നാൽ അന്തർസംസ്ഥാന ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
192 ദുരന്ത സാധ്യതാ പ്രദേശങ്ങൾ ജില്ലയിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 251 ക്യാംപുകൾ സജ്ജമാക്കും.
ഇവിടെ 30,330 പേർക്ക് താമസ സൗകര്യമൊരുക്കാൻ സാധിക്കും. ഈ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ: അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും, മരങ്ങൾ മുറിച്ചു മാറ്റാനും നടപടികൾ സ്വീകരിക്കണം. എസ്റ്റേറ്റ് മേഖലകളിൽ താമസിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം പൂർത്തിയാക്കി, അവർ താമസിക്കുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
കൂടാതെ, റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഗോത്രവർഗക്കാരുടെ വീടുകൾക്ക് ഷീറ്റുകൾ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും വേഗത കൂട്ടും. ആരോഗ്യവും ജാഗ്രതയും: ആശുപത്രികളിൽ ആന്റിവെനം ഉൾപ്പെടെയുള്ള മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്നും, സ്കൂളുകളിലെ കുടിവെള്ളം പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ശക്തമായ മഴയുള്ള ദിവസങ്ങളിൽ ദിവസവും രണ്ടുതവണ മഴയുടെ തോത് അളന്ന് പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ കൈമാറണം. യോഗത്തിൽ കലക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ.കെ.
പവിത്രൻ, എഡിഎം എ.ജയശ്രീ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എം.കെ.ഇന്ദു, ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

