തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന് തിരിച്ചടിയായി സൂപ്പർ താരം ടിം ഡേവിഡിന് വിലക്ക്. അഹമ്മദാബാദിൽ നടന്ന ഫൈനൽ മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞ സംഭവത്തിലാണ് ഓസ്ട്രേലിയൻ താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
മത്സരത്തിനിടയിൽ വാട്ടർ ബോട്ടിലോ മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇത്തരത്തിൽ ലെവൽ 1 (ആർട്ടിക്കിൾ 2.9) പ്രകാരമുള്ള പെരുമാറ്റച്ചട്ട
ലംഘനമാണ് താരം നടത്തിയത്. ഇതിനെത്തുടർന്ന് താരത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തുകയും മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ഒടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ, അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ടിം ഡേവിഡിന് കളിക്കാനാവില്ല.
ഈ സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്.
നേരത്തെ ടൂർണമെന്റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും അച്ചടക്കലംഘനത്തിന് താരത്തിന് ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചിരുന്നു. ഫൈനലിലെ മോശം പെരുമാറ്റത്തോടെ രണ്ട് ഡിമെറിറ്റ് പോയിന്റുകൾ കൂടി ലഭിച്ചതോടെ താരത്തിന്റെ ആകെ ഡിമെറിറ്റ് പോയിന്റുകൾ അഞ്ചായി ഉയർന്നു.
ഐപിഎൽ നിയമപ്രകാരം അഞ്ച് ഡിമെറിറ്റ് പോയിന്റുകൾ ലഭിക്കുന്ന കളിക്കാരന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കും. ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിങ്ങിൽ നിർണ്ണായക പ്രകടനമാണ് താരം കാഴ്ചവെച്ചത്.
91 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ആർസിബിയെ വിരാട് കോലിക്കൊപ്പം ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിൽ താരം വലിയ പങ്കുവഹിച്ചു. 17 പന്തിൽ നിന്ന് 24 റൺസ് നേടിയ താരം 41 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.
എന്നാൽ, മൈതാനത്ത് അച്ചടക്കമില്ലാത്ത പെരുമാറ്റം താരത്തിന് വലിയ തിരിച്ചടിയാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

