കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവന്താനം കോട്ടേപറമ്പിൽ അജിത്ത് അനിൽ (19), പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
മേയ് 24 പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആനക്കല്ല് – പൊടിമറ്റം റോഡിൽ താമസിക്കുന്ന ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഉടമസ്ഥർ ബെംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്ത പ്രതികൾ കാറിലെത്തി മുഖംമൂടി ധരിച്ച് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്.
തുടർന്ന് 75,000 രൂപയും മൂന്ന് പവൻ സ്വർണ്ണവുമാണ് ഇവർ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ ഒന്നാം പ്രതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപും മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി നടക്കുകയാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സമീപകാലത്ത് നടന്ന പെട്ടിക്കട മോഷണങ്ങളിലും കിണറുകളിൽ നിന്ന് മോട്ടറുകൾ മോഷണം പോയ സംഭവങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച് തുടർ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസണിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ സി.കെ.
മനോജ്, എസ്ഐമാരായ ഗോകുൽ, ഷിജു, എം.പി. അനിൽകുമാർ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള ജോബി, ഷമീർ, വിമൽ, എഎസ്ഐ സിനോ തങ്കപ്പൻ, വിനീത്, അരുൺ ബേബി, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

