സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ (NHM) കീഴിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സേവന കാലാവധിയിൽ നിർണായക മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. നിലവിൽ ഒരു വർഷമായിരുന്ന കരാർ കാലാവധി മൂന്ന് മാസമായി ചുരുക്കിക്കൊണ്ടാണ് സംസ്ഥാന ഡയറക്ടർ ഉത്തരവിറക്കിയത്.
ഇതോടെ, മൂന്ന് മാസത്തെ സേവനത്തിന് ശേഷം ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന പെർഫോമൻസ് അപ്രൈസൽ നടപടികൾക്ക് വിധേയരാകേണ്ടി വരും. ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ജീവനക്കാരുടെ പ്രതിനിധികൾ അഭിപ്രായപ്പെടുന്നു.
കോവിഡ്, നിപ തുടങ്ങിയ ആരോഗ്യ അടിയന്തരാവസ്ഥ കാലയളവിൽ മികച്ച സേവനം കാഴ്ചവെച്ചവരാണ് ഈ വിഭാഗം ജീവനക്കാർ. സംസ്ഥാന സർക്കാരിന്റെ 40 ശതമാനവും കേന്ദ്ര സർക്കാരിന്റെ 60 ശതമാനവും വിഹിതം ഉപയോഗിച്ചാണ് നാഷണൽ ഹെൽത്ത് മിഷൻ പ്രവർത്തിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് ഏകദേശം 17,000-ത്തോളം ജീവനക്കാരാണ് എൻ.എച്ച്.എമ്മിൽ ജോലി ചെയ്യുന്നത്. 19 വർഷമായി സേവനമനുഷ്ഠിക്കുന്നവരെ പോലും തസ്തികയിൽ നിന്ന് ഒഴിവാക്കാനാണ് പുതിയ നീക്കമെന്ന് സി.ഐ.ടി.യു (CITU) ആരോപിച്ചു.
മന്ത്രിയുടെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

