മുംബൈ താനെയിൽ മലയാളി യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂർ സ്വദേശികളായ വേണുഗോപാലൻ നായരുടെയും രേണുകയുടെയും മകനും താനെ ശിവായ് നഗർ നിവാസിയുമായ വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താനെ വർത്തക് നഗറിനടുത്ത് ശിവായ് നഗർ നാക്കയിൽ വെച്ചാണ് സംഭവം നടന്നത്.
പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പു ചർച്ചയ്ക്ക് ശേഷം മടങ്ങുകയായിരുന്ന വിഷ്ണുവിനെ എതിർവിഭാഗം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനും പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നു.
അക്രമത്തിൽ പരുക്കേറ്റ ഒരു പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി താനയിൽ താമസിക്കുന്ന കുടുംബമാണ് വിഷ്ണുവിന്റേത്.
ശിവായ് നഗറിലെ സൊനാലി ബിൽഡിങ്ങിൽ താമസിച്ചിരുന്ന വിഷ്ണു മിനറൽ വാട്ടർ സപ്ലൈ ഏജൻസി നടത്തിവരികയായിരുന്നു. സുഹൃത്തിന്റെ പ്രണയബന്ധവുമായി ബന്ധപ്പെട്ട
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മലയാളി സംഘടനാ നേതാക്കൾ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

