ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം വെന്റിലേഷനിലൂടെ ഉപേക്ഷിച്ച നവജാത ശിശുവിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് 19 വയസ്സുകാരിയായ അമ്മ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസലിങ്ങിനിടെയാണ് യുവതി തന്റെ തീരുമാനം വ്യക്തമാക്കിയത്.
എന്നാൽ, ഇക്കാര്യം ഇതുവരെ രേഖാമൂലം അധികൃതർക്ക് ലഭിച്ചിട്ടില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു. നേരത്തെ, കുഞ്ഞിനെ വേണ്ടെന്ന് യുവതി അറിയിച്ചതിനെ തുടർന്ന്, ശിശുവിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടപടികൾ സ്വീകരിച്ചിരുന്നു.
നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ഉത്തരവ് ഇതിനകം ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്.
നാളെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് ആലപ്പുഴയിലെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ 90 ദിവസത്തെ നിരീക്ഷണ കാലയളവിൽ കുഞ്ഞിനെ പരിപാലിക്കും.
ഈ കാലയളവിൽ അമ്മയ്ക്ക് കുഞ്ഞിനെ നോക്കി വളർത്താനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ അന്തിമമായ തീരുമാനമെടുക്കുകയുള്ളൂ. അതേസമയം, യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുള്ളതിനാൽ, വിഷയത്തിന്റെ നിയമപരമായ വശങ്ങൾ കൂടി അധികൃതർ കർശനമായി പരിശോധിക്കുന്നുണ്ട്.
അതിനാൽ ഉടൻ തന്നെ കുഞ്ഞിനെ വിട്ടുനൽകില്ല. യുവതി നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട്, യുവതിയുമായി അടുപ്പത്തിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനായ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ കന്റീൻ ജീവനക്കാരനാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

